നാഗ്വസ്വാലയുടെ ഷോട്ട് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിയതോടെയാണ് കേരളം നാടകീയമായി ഫൈനല്‍ ഉറപ്പിച്ചത്.

അഹമ്മദാബാദ്: ആവേശപ്പോരില്‍ രണ്ട് റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രഞ്ജി ട്രോഫിയില്‍ ഫൈനലുറപ്പിച്ച് കേരളം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനും നാടകീയമായ പുറത്താകലുകള്‍ക്കുമൊടുവിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിൽ അവസാന ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന് അഞ്ചാം ദിനം തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമാതോടെ 449-9 എന്ന സ്കോറിലേക്ക് വീണെങ്കിലും അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയും ചേര്‍ന്ന് പ്രതിരോധിച്ചു നിന്നതോടെ കേരളത്തിന്‍റെ ചങ്കിടിപ്പേറി.
ഒടുവില്‍ ലീഡിനായി വെറും 3 റണ്‍സ് മാത്രം മതിയെന്ന ഘട്ടത്തില്‍ ആദിത്യ സര്‍വാതെയുടെ പന്തില്‍ ബൗണ്ടറിയടിക്കാന്‍ ശ്രമിച്ച നാഗ്വസ്വാലയുടെ ഷോട്ട് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിയതോടെയാണ് കേരളം നാടകീയമായി ഫൈനല്‍ ഉറപ്പിച്ചത്. ഇതിന് മുമ്പ് നാഗ്വസ്വാലയുടെ ദുഷ്കരമായൊരു ക്യാച്ച് സല്‍മാന്‍ നിസാറിന്‍റെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നിരുന്നു. ജമ്മു കശ്മീരിനെതിരെ ഒരു റണ്‍ ലീഡില്‍ സെമി ഉറപ്പിച്ച കേരളം ഗുജറാത്തിനെതിരെ രണ്ട് റണ്‍സ് ലീഡില്‍ ഫൈനലും ഉറപ്പിച്ച് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നു.
ആന്‍റി ക്ലൈമാക്സ്
അഞ്ചാം ദിനം ജലജ് സക്സേനയിലൂടെയാണ് കേരളം ആക്രമണം തുടങ്ങിയത്. ആദ്യ അഞ്ചോവറുകളില്‍ സര്‍വാതെയെയും സക്സേനയെയും ഫലപ്രദമാി പ്രതിരോധിച്ച ഗുജറാത്തിന് പക്ഷെ അഞ്ചാം ദിനത്തിലെ ആറാം ഓവറില്‍ അടിതെറ്റി. ആദിത്യ സര്‍വാതെയുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ കയറി അടിക്കാന്‍ നോക്കിയ ജയ്മീത് പട്ടേലിനെ മുഹമ്മദ് അസറുദ്ദീന്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. കത്തുകാത്തിരുന്ന വിക്കറ്റ് വീണത്തിന്‍റെ ആവേശത്തിലായി കേരളം. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ 21 റണ്‍സ് കൂടി വേണമായിരുന്നു അപ്പോള്‍ ഗുജറാത്തിന്. സിദ്ദാര്‍ത്ഥ് ദേശായിയും അര്‍സാന്‍ നാഗസ്വാലയും ചേര്‍ന്ന് പിന്നീട് അഞ്ചോവര്‍ കൂടി കേരളത്തിന്‍റെ ക്ഷമ പരീക്ഷിച്ചു.
ചാമ്പ്യൻസ് ട്രോഫി: ഞെട്ടിച്ച് തുടങ്ങാന്‍ അഫ്ഗാനിസ്ഥാന്‍, എതിരാളികള്‍ ദക്ഷിണാഫ്രിക്ക
ഇതിനിടെ അക്ഷയ് ചന്ദ്രനെതിരെ ബൗണ്ടറി നേടി നാഗ്വസ്വാല കേരളത്തെ ബാക്ക് ഫൂട്ടിലാക്കി. എന്നാല്‍ പൊരുതി നിന്ന സിദ്ധാര്‍ത്ഥ് ദേശായിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി സര്‍വാതെ വീണ്ടും ഗുജറാത്തിനെ ഞെട്ടിച്ചു. അപ്പോള്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ 13 റണ്‍സ് കൂടി വേണമായിരുന്നു ഗുജറാത്തിന്. അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും നാഗ്വസ്വാലയും ചേർന്ന് പ്രതിരോധിച്ചു നിന്നതോടെ കേരളത്തിന്‍റെ ചങ്കിടിപ്പേറി. ഒടുവില്‍ കാവ്യനീതിപോലെ സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മെറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലൊതുങ്ങിയപ്പോള്‍ കേരളം ആനന്ദത്താല്‍ തുള്ളിച്ചാടി.